ചവറ: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെഎംഎംഎല്ലിലെ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും ലാഭവിഹിതം സര്‍ക്കാരിന് കൈമാറുന്ന ചടങ്ങും ഇന്നു കെഎംഎംഎല്ലില്‍ നടക്കും. വൈകുന്നേരം നാലിനു കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 4.64 കോടി രൂപ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഏറ്റുവാങ്ങും.പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി കെ എം എം എല്‍ നല്കുന്ന പുതിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റം സുജിത്ത് വിജയന്‍പിള്ള എംഎൽഎയും നിര്‍വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എംപി ചടങ്ങില്‍ വിശിഷ്ട അതിഥിയാകും.
2.5 കോടി രൂപ ചെലവിലാണ് കെഎംഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അത്യാധുനിക കെട്ടിടം ഒരുക്കിയത്. 6,450 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഓഫീസ് ഡ്രൈ ആൻഡ് വെറ്റ് സ്റ്റോര്‍ റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ടോയ്ലറ്റ് ബ്ലോക്കുകൾ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടും.
3,160 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1.5 കോടി രൂപ ചെലവിലാണ് ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന് (ടെര്‍ക്) പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. മീറ്റിംഗ് റൂം, ലൈബ്രറി, റീഡിംഗ് റൂം, ടിവി റൂം, ഓഫീസ്, കാരംസ് ആൻഡ് ചെസ് ഏരിയ, സെക്യൂരിറ്റി റൂം, പാന്‍ട്രി ആൻഡ് ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ അടങ്ങിയ പുതിയ കെട്ടിടം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 4.64 കോടി രൂപയാണ് സര്‍ക്കാരിലേക്ക് നല്‍കുന്നത്. 2021-22ല്‍ 9.3 കോടിയും 2022-23ലും 2023-24ലും 6.2 കോടി രൂപ വീതവും ലാഭവിഹിതമായി കെഎംഎംഎല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 7.9 ലക്ഷം രൂപ ചെലവിലാണ് പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ആംബുലന്‍സ് വാങ്ങി നല്‍കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും കെഎംഎംഎല്ലുമായി സഹകരിച്ച് തുടങ്ങുന്ന മെഡിക്കല്‍ ടെസ്റ്റ് ലാബ് കളക്ഷൻ സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അനുമതി പത്രവും ചടങ്ങില്‍ കൈമാറും.